ബർക്ക വിലായത്തിലെ ഇന്ധന സ്റ്റേഷനിൽനിന്ന് പണം മോഷ്ടിച്ചതിന് മൂന്ന് പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മുൻ ഒമാൻ നയതന്ത്രജ്ഞൻ കൈറോയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.ഹൂദ് അൽ അലവിയെയാണ് കൈറോയിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മുമ്പ് ഇദ്ദേഹത്തിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്നയാളെയും ക്ലീനിങ് സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ഈജിപ്ഷ്യൻ പൊലീസ് അധികൃതർ അറിയിച്ചു.
മോഷണത്തിനിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.