ലൈഫ് മിഷന്‍: ഈ ഓണക്കാലത്ത് 242 കുടുംബങ്ങള്‍ക്ക് പുതിയ വീട്

ലൈഫ് മിഷന്‍: ഈ ഓണക്കാലത്ത് 242 കുടുംബങ്ങള്‍ക്ക് പുതിയ വീട്

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ ഓണക്കാലത്ത് ആലപ്പുഴ ജില്ലയില്‍ 242 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് താമസം മാറി. മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷന്‍. ലൈഫിലൂടെ ജില്ലയില്‍ ഇതുവരെ 15,546 വീടുകളാണ് പൂര്‍ത്തിയാക്കിയത്. 8940 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

420 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ലിവിംഗ്/ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് സൗകര്യങ്ങളാണുള്ളത്. നാല് ലക്ഷം രൂപയാണ് ഒരു വീടിനായി നല്‍കുന്നത്. 624.84 കോടി രൂപ ചെലവഴിച്ചാണ് ജില്ലയില്‍ 15,546 വീടുകള്‍ നിര്‍മിച്ചത്. പൊതുവിഭാഗത്തില്‍ 10,293 ഗുണഭോക്താകള്‍ക്കും 1654 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 3384 പട്ടികജാതി ഗുണഭോക്താക്കള്‍ക്കും 190 പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കും 25 അതിദാരിദ്ര്യത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകള്‍ ലഭിച്ചു.

ഇതിനു പുറമേ 2308 ഭൂരഹിത- ഭവനരഹിത ഗുണഭോക്താകള്‍ക്ക് ത്രിതല പഞ്ചായത്ത് ഫണ്ട്, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, മനസ്സോടു ഇത്തിരി മനസ്സ് എന്നീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *