ജയ്പൂര്‍: സനാതമ ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമറിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ച് പോന്ന സനാതന ധർമം ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
“ഞങ്ങൾ ഇനിയും ഇത് സഹിക്കില്ല. സനാതന ധർമത്തിനെതിരെ സംസാരിക്കുന്നവരെ ഒരു കാര്യം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ നാവ് പിഴുതെടുക്കും. പുച്ഛത്തോടെ നോക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും”- മന്ത്രി വ്യക്തമാക്കി.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കേന്ദ്രമന്ത്രിയുടെ വീഡിയോ എക്സില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു- ‘ജി 20 അവസാനിച്ചു. പ്രഖ്യാപനത്തിലെ 78ആം പോയിന്‍റിന് പ്രസക്തിയില്ല. മോദി മന്ത്രിസഭയിലെ ബഹുമാനപ്പെട്ട മന്ത്രി അക്രമത്തിനായി വാദിക്കുന്നു. ഇനി അതിന്‍റെ സീസണായിരിക്കും’.