വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര്‍ 4ന് ആദ്യ ചരക്ക് കപ്പലെത്തും

വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര്‍ 4ന് ആദ്യ ചരക്ക് കപ്പലെത്തും

കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബര്‍ 4ന് വൈകുന്നേരം 4 മണിക്ക് ആദ്യ ചരക്ക് കപ്പല്‍ തീരമണയും. ഒക്ടോബര്‍ 28ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യ കപ്പലെത്തുന്നത്.

ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജ്ജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെയടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.

കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിയുടെയും ചാലകശക്തിയായി ചരിത്രത്തില്‍ ഈ ദിനം അടയാളപ്പെടുത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ തുറമുഖ വകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സമയനിഷ്ട പാലിച്ച് പദ്ധതിയുടെ ഭാഗമായ എല്ലാ പ്രധാനപ്പെട്ട ഉപഘടകങ്ങളും ഇതിനകം വിവിധ സമയങ്ങളിലായി ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തന നിരതമാണ്. ദേശീയപാത, ഗയില്‍, പവര്‍ ഇടനാഴി, എന്നിവക്ക് ശേഷമുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്‌നര്‍ തുറമുഖം.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും ലോഗോയുടെ പ്രകാശനവും ഈ മാസം 20ന് രാവിലെ 11ന് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

ലോകത്തെ ഷിപ്പിംഗ് ലൈനിലുള്ള നൂറോളം കമ്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 2023 ഒക്ടോബര്‍ അവസാനവാരം ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മുംബൈയില്‍ 2023 ഒക്ടോബര്‍ രണ്ടാംവാരത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മറൈന്‍ എക്‌സിബിഷനില്‍ കേരളം പങ്കെടുക്കും. കേരളത്തിന്റെ മറൈന്‍ നിക്ഷേപക സാധ്യതകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ലോക നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരള പവലിയനും തയ്യാറാക്കും.

Leave a Reply

Your email address will not be published. Required fields are marked *