ബംഗളൂരു: അടുത്തവർഷം നടക്കാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയും ജെഡിഎസും സഖ്യമായി മത്സരിക്കും. ജെഡിഎസുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. എന്നാല്‍, ജെഡിഎസ് നാലു സീറ്റില്‍ മത്സരിക്കുമെന്നും ബാക്കിയുള്ള 24 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നുമാണ് യെദിയൂരപ്പ പ്രതികരിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച് ജെഡിഎസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസും ബിജെപിയും സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങിയവർ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സഖ്യം സംബന്ധിച്ച യെദിയൂരപ്പയുടെ സ്ഥിരീകരണമുണ്ടാകുന്നത്. 28 ലോക്സഭ മണ്ഡലങ്ങളിൽ മണ്ഡ്യ, ഹാസൻ, തുമകുരു, ചിക്കബല്ലാപൂർ, ബെംഗളൂരു റൂറൽ എന്നീ അഞ്ചു സീറ്റാണ് ജെഡിഎസ് ആവശ്യപ്പെട്ടതെങ്കിലും നാലെണ്ണം നൽകാമെന്നാണ് ബി.ജെ.പി അറിയിച്ചിരിക്കുന്നത്.
സീറ്റ് വിഭജനം സംബന്ധിച്ചും സഖ്യം സംബന്ധിച്ച മറ്റു കാര്യങ്ങളിലുമെല്ലാം ചര്‍ച്ച നടന്നുവരുകയാണ്. ജെഡിഎസ് സഖ്യകക്ഷിയായതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കൂടുതൽ കരുത്ത് ലഭിച്ചെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 26 സീറ്റിൽ വിജയിക്കുമെന്നും ബി എസ് യെദിയൂരപ്പ വ്യക്തമാക്കി.