ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വെറുതെ വിട്ട വിജിലൻസ് കേസുകളിൽ പുനഃപരിശോധന ഉണ്ടാകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രണ്ട് കേസുകളിൽ കൂടി പുന:പരിശോധന പ്രഖ്യപ്പിച്ച് മദ്രാസ് ഹൈക്കോടതി.
ഡിഎംകെ മന്ത്രി ഐ പെരിയ സ്വാമിയെ വെറുതെ വിട്ട ഉത്തരവും എഐഎഡിഎംകെയുടെ മുൻ മന്ത്രി ബി വളർമതിയെ വെറുതെ വിട്ട നടപടിയും പുന:പരിശോധക്കും. ഇതോടെ സമാനമായ ആറു കേസുകളിൽ ഹൈക്കോടതി പുന:പരിശോധനയ്ക്ക് ഉത്തരവിട്ടു.
നേരത്തെ അനധികൃത സ്വത്ത് സാമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിയായിരുന്നു മദ്രാസ് ഹൈക്കോടതി ആദ്യം പ്രഖ്യാപിച്ചത്. അന്ന് രൂക്ഷവിമർശനമാണ് തമിഴ്നാട് വിജിലൻസിന് നേരെ ഹൈക്കോടതി നടത്തിയത്. വിജിലൻസിന് ഓന്തിന്‍റെ സ്വഭാവമാണെന്നായിരുന്നു കോടതി വിമര്‍ശിച്ചത്.
ഭരണം മാറുന്നതിനനുസരിച്ച് വിജിലൻസിന്റെ നിറം മാറുന്നെന്നും നിർഭാഗ്യവശാൽ അന്ന് രൂപീകരിച്ച പ്രത്യേക കോടതി അതിന് ഒത്താശ ചെയുന്നെന്നും നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.