ദുബായ് : ലോകശ്രദ്ധ നേടിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാമത് എഡിഷൻ ഒക്ടോബർ 28-ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ദുബായ് നിവാസികൾക്കൊപ്പം വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും പങ്കെടുക്കാം.
30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്. ഫിറ്റ്നസ് ചലഞ്ചിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് റൈഡ് നവംബർ 12-ന് നടക്കും. നവംബർ 26-ന് നടക്കുന്ന ദുബായ് റണ്ണോട് കൂടിയാണ് ചലഞ്ചിന്‍റെ സമാപനം.
താമസക്കാരുടെ ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്‍റെ പ്രധാന്യം ഓർമിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആശയത്തിൽനിന്നാണ് 2017-ൽ ഫിറ്റ്നസ് ചലഞ്ചിന്‍റെ തുടക്കം.