ചന്ദ്രയാന്‍-3; ശാസ്ത്രജ്ഞൻമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍-3; ശാസ്ത്രജ്ഞൻമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗലൂരു : ചന്ദ്രയാൻ മൂന്ന് ദൌത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിച്ച ശാസ്ത്രജ്ഞൻമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി. ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ചന്ദ്രനിൽ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാൻ 3 ന് വേണ്ടി പ്രവർത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചുവെന്നും അഭിപ്രായപ്പെട്ടു.

ചന്ദ്രയാൻ മുന്നിലൂടെ രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം എത്തി. ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മൾ കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്ത്യ, ഇരുണ്ട കോണിൽ പോലുമെത്തി വെളിച്ചം തെളിക്കുന്നു. വലിയ ശാസ്ത്രസമസ്യകൾ പോലും പരിഹരിക്കാൻ ഇന്ത്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് നടന്ന ഓരോ നിമിഷവും ഓർമയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസ്സായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു.

ഈ നേട്ടം യാഥാർഥ്യമാക്കിയത് ശാസ്ത്രജ്ഞന്മാരാണ്. പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ കാൽപ്പാടുകൾ പതിപ്പിച്ച് കഴിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടം അംഗീകരിച്ച് സാധിച്ചു. ഇസ്രോയുടെ ഓരോ അംഗങ്ങൾക്കും നന്ദി. നിങ്ങൾ രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചു. ചന്ദ്രനിൽ വിക്രം കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന് അറിയപ്പെടും. എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കും. ചന്ദ്രയാൻ 3 ചന്ദ്രനിൽ സ്പർശിച്ച അഭിമാനകരമായ നിമിഷം താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താൻ സാധിച്ചതിൽ സന്തോഷം. വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഐഎസ്ആർഒ മേധാവി എസ് സോമനാഥും ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് ക്യാമ്പസിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി എത്തിയതിൽ അഭിമാനവും സന്തോഷവുമെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പ്രതികരിച്ചു. എങ്ങനെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതെന്നടക്കം ഗ്രാഫിക്കൽ ദൃശ്യവൽക്കരണത്തിലൂടെ ഇസ്രോ മേധാവി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി.

Leave a Reply

Your email address will not be published. Required fields are marked *