ഇന്ത്യ 2047 ൽ വികസിത രാഷ്ട്രമാകുമെന്ന് മോദി

ഇന്ത്യ 2047 ൽ വികസിത രാഷ്ട്രമാകുമെന്ന് മോദി

ജൊഹന്നാസ്ബെർഗ്: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും ബ്രിക്സ് വിരുന്നിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്. അതേസമയം, അതിർത്തിയിലെ ചില മേഖലകളിലെ പിൻമാറ്റത്തിന് ഇന്ത്യാ – ചൈനാ സേനാതല ചർച്ചയിൽ നിർദ്ദേശം തയ്യാറാക്കിയെന്നും വിവരമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാന അജണ്ടകളിൽ ചർച്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിക്‌സ് വിപുലീകരണവും അംഗ രാജ്യങ്ങളിൽ ഒറ്റ കറൻസി നടപ്പാക്കുന്നതുമാണ് പ്രധാന വിഷയങ്ങൾ. 23 രാജ്യങ്ങൾ ബ്രിക്സ് അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ചാവും വിശദമായ ചർച്ച നടക്കുക.

എന്നാൽ, ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഒരു ഏകീകൃത കറൻസി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. ഇന്നലെ ജോഹന്നാസ് ബർഗിൽ നടന്ന ബിസിനസ് ഫോറത്തിൽ മോദി പങ്കെടുത്തിരുന്നു. 2047ൽ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാൻ തന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിഞ്ഞുവെന്നും പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *