പട്‌ന: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള പട്‌നയിലെ പാര്‍ക്കിന്റെ പേര് മാറ്റി നീതീഷ് കുമാര്‍ സര്‍ക്കാര്‍. നാളികേര പാര്‍ക്ക് എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവാണ് പട്നയിലെ കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. നേരത്തെ ഈ പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്നായിരുന്നു.
2018ല്‍ എബി വാജ്‌പേയ് മരിച്ചതിന് പിന്നാലെയാണ് ആദരസൂചകമായി പാര്‍ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. എന്നാല്‍ വീണ്ടും പാര്‍ക്കിന് പഴയ പേര്‍ തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ക്കിനുളളിലുള്ള വാജ്‌പേയ് പ്രതിമ അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി രംഗത്ത് വന്നു. ഒരു വശത്ത് നിതീഷ് കുമാര്‍ വാജ്‌പേയിയുടെ സ്മാരകത്തില്‍ മാലചാര്‍ത്തുന്നു. മറുവശത്ത് പാര്‍ക്കിന്റെ പേര് മാറ്റുന്നു. ഇത് രണ്ട് നിറത്തിലുളള സര്‍ക്കാരാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പാര്‍ക്കിന്റെ പേര് മാറ്റാനുളള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി വക്താവ് അരവിന്ദ് കുമാര്‍ പറഞ്ഞു.