റിയാദ്: ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ജൂലൈ രണ്ടിന് ബുറൈദയിലെ തസ്‌ലിയയിൽ മരിച്ച ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശി നെയ്‌ശേരിൽ വീട്ടിൽ അനിൽകുമാറിെൻറ (52) മൃതദേഹമാണ് സൗദി എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ 10 ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്.
ബന്ധുക്കൾ ഏറ്റുവാങ്ങി വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ അജി മണിയാർ, പ്രസിഡൻറ് നിഷാദ് പാലക്കാട്, പ്രവർത്തരായ ഫിറോസ് പത്തനാപുരം, നൗഷാദ്, മനോജ് നടരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്.
അനിൽകുമാർ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരായ സൗദി പൗരന്റെ ഇടപെടലും നടപടികൾ വേഗത്തിലാക്കി. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അനിൽകുമാർ ഒരു കോൺക്രീറ്റ് സിമൻറ് കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: രജനി, മക്കൾ: അഖിൽ, അമൽ.