ഡൽഹി: ലഡാക്കിലെ സൈനിക വാഹനത്തിലുണ്ടായ അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർ. ആദരാഞ്ജലികൾ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചു. പരിക്കേറ്റയാൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. ലഡാക്കിലെ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു. കുടുംബത്തിന്റെ വേദനകൾക്കൊപ്പം നിൽക്കുന്നുവെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
ലഡാക്കിലെ അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും പ്രതികരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരിക്കേറ്റയാൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത് വന്നിരുന്നു. ദു:ഖകരമായ സംഭവമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.
ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്.