കുടുംബശ്രീ മിഷൻ ബഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു

കുടുംബശ്രീ മിഷൻ ബഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു

കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച ബഡ്സ് ദിനാഘോഷവും സജ്ജം പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കേരളം സൃഷ്ടിച്ച അനേകം ബദലുകളിൽ ഏറ്റവും മാനുഷികവും ജീവകാരുണ്യപരവും അഭിമാനകരവുമായുള്ളത് ബഡ്‌സ് സ്ഥാപനങ്ങൾ ആണെന്ന് മന്ത്രി പറഞ്ഞു. മഹത്തായ കേരള മാതൃകയാണ് ബഡ്‌സ് സ്ഥാപനങ്ങൾ. മറ്റൊരിടത്തും സംസ്ഥാന സർക്കാറിന്റെയോ സർക്കാർ ഏജൻസികളുടെയോ സജീവ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരമൊരു സംവിധാനമില്ല. ഇത് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാവുന്നതാണ്, കേരളത്തിൽ 359 ബഡ്സ് സ്ഥാപനങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന 18 വയസുവരെയുള്ള വിദ്യാർഥികൾക്കായി 167 സ്‌കൂളുകളും 18 ന് മുകളിലുള്ളവർക്കായി 192 സ്ഥാപനങ്ങളുമാണിവ. ഇവിടങ്ങളിലെ അന്തേവാസികളുടെ ബൗദ്ധികവും മാനസികവും കലാ-കായിക, വിനോദ പുരോഗതിക്കുമായി വിവിധങ്ങളായ പദ്ധതികളും ബഡ്സ് സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും സജീവമായ ശ്രദ്ധയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ബഡ്സ് സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യവികസനത്തിനായി 200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ബഡ്സ് സ്ഥാപനങ്ങളിൽ 495 അധ്യാപകരും 622 ആയമാരും സേവനമനുഷ്ഠിക്കുന്നുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന അന്തേവാസികളെ സ്വാശ്രയത്തിലേക്ക് ഉയർത്തുക, അവരുടെ രക്ഷിതാക്കൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബഡ്സ് സ്ഥാപനങ്ങളിലെ അന്തേവാസികൾക്കു തൊഴിൽപരിശീലനം നൽകിയതിന്റെ ഫലമായി അവരിൽ നിന്ന് 162 സംരംഭങ്ങൾ തുടങ്ങാൻ സാധിച്ചു.

തിരുവനന്തപുരം ജില്ലയിലെ ബഡ്സ് സ്ഥാപനത്തിൽ നിന്നുള്ളവർ നിർമിച്ച ഉൽപ്പന്നങ്ങൾ ‘ഇതൾ’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി പ്രശംസിച്ചു. 19 വർഷം മുമ്പ് വെങ്ങാനൂരിലാണ് സംസ്ഥാനത്തെ ആദ്യത്തെ ബഡ്‌സ് സ്‌കൂൾ ആരംഭിച്ചത്. പ്രകൃതി ദുരന്തം, പ്രകൃതിക്ഷോഭം തുടങ്ങിയ വേളകളിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ആ സാഹചര്യം നേരിടാൻ പ്രാപ്തമാക്കുന്നതിന് കുടുംബശ്രീ നേതൃത്വത്തിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് സജ്ജം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ 28 മാസ്റ്റർ പരിശീലകർക്ക് പരിശീലനം നൽകിയിരുന്നു. ഇവർ മുഖേന ജില്ലാതലങ്ങളിൽ 608 റിസോഴ്‌സ് വ്യക്തികൾക്ക് നൽകുന്ന പരിശീലനവും പൂർത്തിയായി. റിസോഴ്‌സ് വ്യക്തികൾ വഴി ഇനി പരിശീലനം വിദ്യാർഥികളിൽ എത്തിക്കും. ബഡ്സ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സജ്ജം പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പരിപാടിയിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *