കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവലിന് തുടക്കം.കുവൈത്ത് സീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിങ് റിവൈവൽ വോയേജിന്റെ ഭാഗമായി 60ഓളം കുവൈത്തി യുവാക്കളാണ് രണ്ട് ചെറുകപ്പലുകളിലായി ശനിയാഴ്ച കടലിലേക്ക് യാത്ര തിരിച്ചത്.
അന്തരിച്ച അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സമ്മാനിച്ച രണ്ട് ചെറുകപ്പലുകളിലായിരുന്നു യാത്ര. കുവൈത്ത് സീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 32ാമത് എഡിഷനാണിത്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്പോൺസർഷിപ്പിലാണ് ഫെസ്റ്റിവൽ.
കോവിഡ് കാരണം നിർത്തിവെച്ച ഫെസ്റ്റിവൽ മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് തിരികെ എത്തുന്നത്.1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് ഈ വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്. വാർത്ത വിതരണ മന്ത്രാലയം പങ്കെടുത്തവർക്ക് അഞ്ച് ചെറുകപ്പലുകളും നൽകി.
ശനിയാഴ്ചയിലെ ചടങ്ങിൽ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബഷാർ അബ്ദുല്ല, സീ ക്ലബ് മേധാവി ഫഹദ് അൽ ഫഹദ് എന്നിവർ പങ്കെടുത്തു.രാജ്യത്തിന്റെ യഥാർഥ പൈതൃകത്തെ യുവാക്കൾക്കിടയിൽ ഓർമപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ അനുഭവം പൂർവികരെയും അവർ അനുഭവിച്ച പ്രയാസങ്ങളെയും ഓർക്കാൻ പ്രേരിപ്പിക്കുമെന്നും ഇരുവരും സൂചിപ്പിച്ചു.