കനത്ത മഴയെ തുടർന്ന് ഒമാനിലെ ബുറൈമി വിലായത്തിൽ വാഹനം ഒഴുക്കിൽപെട്ട് മൂന്നുപേരെ കാണാതായി. നിറഞ്ഞുകവിഞ്ഞ വാദി മുറിച്ചുകടക്കുമ്പോഴാണ് അപകടമെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ബുറൈമി ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്ന് ട്വീറ്റിലൂടെ അധികൃതർ അറിയിച്ചു.
അതേസമയം ഹൈമ-തുംറൈത്ത് ഹൈവേയിൽ വെളിച്ചക്കുറവുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. അസ്ഥിര കാലാവസ്ഥ നിലവിലുള്ളതിനാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തതോടെ വാദികൾ നിറഞ്ഞുകവിഞ്ഞിരുന്നു. ചില സ്ഥലങ്ങളിൽ റോഡുകളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.