ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വെള്ളി പുലർച്ചെ അഞ്ചോടെ ട്രക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി ദിശയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിലേയ്ക്ക് പുലർച്ചെ അഞ്ചിനാണ് ഫോൺ ലഭിച്ചതെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
ട്രക്കിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പിക്കപ്പ് ഡ്രൈവർ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി അദ്ദേഹം പറഞ്ഞു.