സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിലെ വിൽപന കണക്കുകൾ റെക്കോഡ് കുറിച്ചു. പത്തു ദിവസം നീണ്ടുനിന്ന മേളയിൽ 219 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഒപ്പം സന്ദർശക എണ്ണത്തിലും ഇത്തവണ റെക്കോഡ് പിറന്നു.
ജൂലൈ 25ന് തുടങ്ങി ആഗസ്റ്റ് അഞ്ചിന് സമാപിച്ച മേളയിലേക്ക് അരലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്. സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാരും സന്ദർശകരുമെല്ലാം ഒരുപോലെ എത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഈത്തപ്പഴ സീസണിന്റെ തുടക്കമെന്ന നിലയിലാണ് ഗൾഫ് മേഖലയിലെതന്നെ ശ്രദ്ധേയമായ സൂഖ് വാഖിഫ് ഫെസ്റ്റിന് കൊടിയേറുന്നത്. ഖത്തറിലെ 103 പ്രാദേശിക ഫാമുകളിൽ കൃഷിചെയ്ത മുന്തിയ ഇനം ഈത്തപ്പഴങ്ങളാണ് നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കൃഷി വകുപ്പിന് കീഴിൽ ഫെസ്റ്റ് നടത്തുന്നത്.