സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ് ഐ ബി എക്സിം’ കറന്റ് അക്കൗണ്ട്  അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ് ഐ ബി എക്സിം’ കറന്റ് അക്കൗണ്ട് അവതരിപ്പിച്ചു

ഇറക്കുമതി, കയറ്റുമതി ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന
ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്‌ഐബി എക്‌സിം കറന്റ്
അക്കൗണ്ട് അവതരിപ്പിച്ചു. 15,000 ഡോളറിനു തുല്യമായ ഇടപാടുകള്‍ (ക്യൂഎഫ്ടി)
നടത്തുന്നവര്‍ക്ക് എസ് ഐ ബി എക്സിം സില്‍വര്‍, 50,000 ഡോളറിനു തുല്യമായ
ഇടപാടുകള്‍ (ക്യൂഎഫ്ടി) നടത്തുന്നവര്‍ക്ക് എസ് ഐ ബി എക്സിം ഗോള്‍ഡ്
എന്നിങ്ങനെ രണ്ട് ഇനം കറന്റ് അക്കൗണ്ട് സേവനം ലഭ്യമാണ്.

വ്യാപാര സാമ്പത്തിക ഇടപാടുകള്‍ക്ക് ആകര്‍ഷകമായ നിരക്കുകളാണ്
എസ്‌ഐബി എക്‌സിം കറന്റ് അക്കൗണ്ട് നല്‍കുന്നത്. പരിധികളില്ലാത്ത സൗജന്യ
ഡിജിറ്റല്‍ നെഫ്റ്റ്/ആര്‍ടിജിഎസ് ഇടപാടുകള്‍, എസ്‌ഐബി ശാഖകളില്‍ നിന്ന്
പരിധിയില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം, മുന്‍മാസത്തെ
എഎംബിയുടെ 15 ഇരട്ടി വരെ സൗജന്യ ക്യാഷ് ഡെപോസിറ്റ്, സൗജന്യ
ഇന്റര്‍നാഷനല്‍ ഡെബിറ്റ് കാര്‍ഡ് തുടങ്ങി ഒട്ടേറെ സൗജന്യങ്ങളും ഈ കറന്റ്
അക്കൗണ്ടിനൊപ്പം ലഭിക്കും.

നേരത്തെ എസ്‌ഐബി ടിഎഫ് ഓണ്‍ലൈന്‍ എന്ന പേരില്‍ 24 മണിക്കൂര്‍
കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തോടെയുള്ള വ്യാപാര സാമ്പത്തിക
ഇടപാടുകള്‍ക്കുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക്
അവതരിപ്പിച്ചിരുന്നു. ഐസ്ഗേറ്റ് പോര്‍ട്ടല്‍ വഴി കസ്റ്റംസ് തീരുവ
ശേഖരിക്കുന്നതിനുള്ള ഏജന്‍സി ബാങ്കായും സൗത്ത് ഇന്ത്യന്‍ ബാങ്കിനെ
ആര്‍ബിഐ അംഗീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വ്യാപാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ കറന്റ് അക്കൗണ്ട്
സേവനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാകും. ആഗോള വിപണിയില്‍
വിജയിക്കാനാവശ്യമായ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സൗത്ത്
ഇന്ത്യന്‍ ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവാണിതെന്ന് സൗത്ത്
ഇന്ത്യന്‍ ബാങ്ക് ഇവിപിയും ചീഫ് ബിസിനസ് ഒഫീസറുമായ തോമസ് ജോസഫ്
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *