ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സംഘർഷ സാധ്യത കണക്കിലെടുത്ത് നൂഹ് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്കും ഇന്നും തുടരും. ഹരിയാനയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും ജാഗ്രത തുടരുകയാണ്.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ എഴുപതിലെറെ പേർക്കാണ് അക്രമ സംഭവങ്ങളിൽ പരുക്കേറ്റത്. ക്രമസമാധാന നില പുനസ്ഥാപിക്കാൻ പൊലീസ് ശ്രമം തുടരുമ്പോഴും ഒറ്റപ്പെട്ട സംഘർഷങ്ങൾ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ഗുഡ്ഗാവ് ബാദ്ഷാപൂരിലും സെക്ടർ എഴുപതിലും ഇന്നലെ ആൾക്കൂട്ടം കടകൾക്ക് തീയിട്ട സാഹചര്യത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നിന്നും ബോട്ടിലുകളിൽ പെട്രോൾ നൽകരുത് എന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

സംഭവം വിഷമിപ്പിക്കുന്നതാണെന്നും മണിപ്പൂരിന് പിന്നാലെ ഹരിയാനയിലും സംഘർഷമുണ്ടാകുന്നത് ശുഭസൂചനയല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെയാണ് സംഘർഷം ഉണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബജ്റംഗ്ദൾ പ്രവർത്തകർ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണ് സംഘർഷത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *