ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ച് മമ്മൂട്ടി; ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധന

പുകയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി.  ഇതിനുവേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധനയ്‌ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.  ഇതില്‍ ഡോക്ടറും നഴ്‌സുമുണ്ടാകും.

മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.‘പുക ശ്വസിച്ചതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ ഒരുപാട് പേര്‍ക്കുണ്ട്. പലരും ആശുപത്രിയില്‍ പോകാന്‍ മടിച്ച് വീട്ടില്‍തന്നെയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ക്കുകൂടി പ്രയോജനമാകും വിധമാണ് വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുന്നത്’-കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *