അഗർതല: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുര സന്ദർശിച്ച പ്രതിപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടാൻ നടപടികൾ സ്വീകരിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
നിലവിൽ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ ഡി.ജി.പി അമിതാഭ് രഞ്ജനുമായി സംസാരിച്ചതായും രാഷ്ട്രീയം പരിഗണിക്കാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ സംഘത്തിലെ എട്ട് അംഗങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മൂന്നു വാഹനങ്ങൾ തകർത്തതായും പൊലീസ് വ്യക്തമാക്കി.