പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി. വൻ ഹൈപ്പോടെ റിലീസിന് എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്.
മാർച്ച് 19 ഞായറാഴ്ചയാണ് മോൺസ്റ്ററിന്റെ ടെലിവിഷൻ പ്രീമിയർ. നാല് മണിക്ക് ഏഷ്യാനെറ്റിൽ ചിത്രം സംപ്രേക്ഷണം ചെയ്യും. 2022 ഒക്ടോബറിൽ ആണ് മോൺസ്റ്റർ തിയറ്ററുകളിൽ എത്തിയത്. പിന്നാലെ ഡിസംബർ2ന് ഒടിടിയിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോൺസ്റ്ററിന്റേയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹൻലാലിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസിന് സാധിച്ചിരുന്നു.