ഹരിപ്പാട്: ആലപ്പുഴയില്‍ സ്കൂളിന് സമീപം വെച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി അനിഴം വീട്ടിൽ സിജുരാജിനെ ( ആട് സിജു -25) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്ത്. കുമാരപുരം കെകെകെവിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ആണ് സിജു ആക്രമിച്ചത്.
ഫെബ്രുവരി 20ന് വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂളിന് സമീപം വെച്ചാണ് സംഭവം ഉണ്ടായിരിക്കുന്നത്. ബൈക്കിൽ എത്തിയ രണ്ടംഗ അക്രമിസംഘം യാതൊരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പുറമെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് പ്രതികള്‍ മര്‍ദ്ദനം നിര്‍ത്തി രക്ഷപ്പെട്ടത്.
കേസിലെ ഒന്നാം പ്രതി കുമാരപുരം പൊത്തപ്പള്ളി കാട്ടൂർ വീട്ടിൽ വിഷ്ണു (29) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ആട് സിജു ഒളിവില്‍ പോവുകയായിരുന്നു. കായംകുളം ഡി വൈ എസ് പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എ എസ് ഐ സുജിത്ത്, സീനിയർ സിപിഒ മാരായ മഞ്ജു, ചിത്തിര, സിപിഒ മാരായ നിഷാദ്, സോനു ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.