0 Comments

ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് ഇന്ന് എട്ടു ദിവസം കഴിഞ്ഞു. ഇതിനിടെ ഗവേഷകരും പുറത്തുനിന്നുള്ള വിദഗ്ധരും ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ലാൻഡറിൽ നിന്ന് സിഗ്നൽ ലഭിക്കാനുള്ള സാധ്യത മങ്ങുന്നുവെന്നാണ് റിപ്പോർട്ട് .

വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ സാധിച്ചിട്ടില്ല. ലാന്‍ഡര്‍ കിടക്കുന്ന സ്ഥലം നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ല. സിഗ്നൽ ലഭ്യമാക്കാൻ എല്ലാ വഴികൾ നോക്കിയിട്ടും ലക്ഷ്യം കണ്ടില്ല. ഒരു ചാന്ദ്ര ദിവസമാണ് (ഭൂമിയിലെ 14 ദിവസങ്ങൾ) വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ശേഷിക്കുന്നൊള്ളൂ. ഇതിനു ശേഷം ലാൻഡറുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാൻ കഴിയില്ല.

ലാൻഡറിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രതീക്ഷ മങ്ങുകയാണെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കിലെ സംഘം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനാകും. എന്നാൽ ആ പ്രതീക്ഷയും ഏറെകുറെ അവസാനിച്ചിരിക്കുകയാണ്. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം വിക്രം ലാന്‍ഡറിന് പ്രശ്നങ്ങൾ സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്.

സെപ്റ്റംബർ എട്ടിനാണ് ചന്ദ്രോപരിതലത്തിൽ വിക്രമിനെ കണ്ടെത്തിയതായി അറിയിച്ചത്. ലാൻ‌ഡർ‌ ചന്ദ്രോപരിതലത്തിൽ‌ പതിച്ചതായും തകര്‍ന്നിട്ടില്ലെന്നുമാണ് നിഗമനം. ഓർബിറ്റർ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകൾ), ‘വിക്രം’ (1,471 കിലോഗ്രാം, നാല് പേലോഡുകൾ), ‘പ്രജ്ഞാൻ’ (27 കിലോഗ്രാം, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ -2 ബഹിരാകാശ പേടകം.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *