0 Comments

ഭോപ്പാല്‍: മൃഗങ്ങളുടെ പല പ്രതികാരങ്ങൾ കഥകളിലൂടെയും സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്. പല കഥകളും യാഥ്യാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെങ്കിലും ഇന്നും പ്രചാരത്തിലുണ്ട്. ഈ കഥകളിൽ എല്ലാം പലപ്പോഴും നായകന്മാർ ആനകളും പാമ്പുകളും ഒക്കെയായായിരിക്കും. എന്നാൽ ഇവിടെ പ്രതികാരത്തിനിറങ്ങിയ നായകന്മാർ നിസ്സാരം എന്ന് കരുതിയ കാക്കകളും.

എന്നാല്‍ ഇത് കഥയല്ല മറിച്ച് യഥാർത്ഥ ജീവിതത്തിൽ കാക്കകളുടെ പ്രതികാരത്തിന് ഇരയായ ഒരു യുവാവിന്റെ ശോചനീയമായ അവസ്ഥയാണ് വർത്തയായിരിക്കുന്നത്.

കാക്കകളുടെ വേട്ടയാടലിൽ നിന്ന് ഈ യുവാവ് സമാധാനമായി കിടന്നുറങ്ങിയിട്ട് മൂന്ന് വര്‍ഷമാകുന്നു. പുറത്തിറങ്ങാന്‍ കാക്കകള്‍ സമ്മതിക്കില്ല. ഉടനെ കൂട്ടമായി പറന്നെത്തി ആക്രമണം തുടങ്ങും. പലപ്പോഴും ഇവയുടെ ആക്രമണത്തിൽ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തില്‍ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ പ്രതികാരത്തിന് ഇരയാകേണ്ടി വന്നിരിക്കുന്നത്. എന്തിനാണ് തന്നെ മാത്രം കാക്കകള്‍ ഇങ്ങനെ ആക്രമിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് പിന്നിലൊരു കഥയുണ്ട്.

സംഭവം മൂന്ന് വര്‍ഷം മുമ്പാണ്. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. ദയ തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാലാവട്ടെ കാക്കകുഞ്ഞ് ശിവയുടെ കൈയില്‍ കിടന്ന് ചത്തു.

ഇത് കണ്ട കാക്കകള്‍ ധരിച്ചത് ശിവയാണ് തങ്ങളുടെ കുഞ്ഞിനെ കൊന്നതെതെന്നാണ്. തുടർന്നായിരുന്നു ആക്രമണം. ഒന്നോ രണ്ടോ തവണ ആക്രമണമുണ്ടായപ്പോള്‍ കാര്യമാക്കിയില്ല. എന്നാല്‍, ആക്രമണം തുടര്‍ക്കഥയായി. ഇപ്പോള്‍ ചായക്കടയിലേക്ക് പോകുമ്പോള്‍ പോലും വടിയും കൈയില്‍ കരുതിയാണ് ശിവ പുറത്തിറങ്ങുക. എന്നാലും കാക്കകള്‍ ആക്രമിക്കുമെന്ന് ഇയാള്‍ പറയുന്നു. സംഭവം അറിഞ്ഞ് പ്രാദേശിക മാധ്യമങ്ങള്‍ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ ശിവയുടെ കഥ വാര്‍ത്തയാക്കി.

പക്ഷികളില്‍ ബുദ്ധികൂര്‍മത കൂടുതലുള്ളവയാണ് കാക്കകളെന്ന് പ്രൊഫസര്‍ അശോക് കുമാര്‍ മുഞ്ജാല്‍ പറഞ്ഞു. അവരെ ഉപദ്രവിച്ചവരെ ഓര്‍ത്ത് വെക്കാനുള്ള കഴിവ് കാക്കകള്‍ക്ക് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. പഠനങ്ങൾ ഇത് തെളിയിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *